കൊല്ലം ജില്ലയുടെ വടക്കുകിഴക്കേ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് പ്രദേശമാണ് കഴിക്കേ കല്ലട ഗ്രാമപഞ്ചായത്ത്. ദേശീയ പ്രസ്ഥാനവുമായും ഉത്തരവാദിത്വ ഭരണവുമായും കല്ലട എന്നും തോളോടുതോള്‍ ചേര്‍ന്നു നിന്നിരുന്നു. കല്ലടയുടെ ചരിത്രം ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായ മാര്‍ത്താണ്ഡ വര്‍മ്മയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ബാരിസ്റ്റാര്‍ ജി.പി. പിള്ളയുടെ ജന്മം കൊണ്ട് ധന്യമായ ഭൂമിയാണ് കല്ലട. ജി.പി.പിളള സ്വദേശാഭിമാനി രാമകൃഷ്ണ പിളളയ്ക്ക് മുമ്പ് ദിവാനെ വിമര്‍ശിച്ച് പത്രത്തില്‍ എഴുതിയതിന് രാജ്യം വിടേണ്ടി വന്നയാളും രണ്ടുതവണ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ കാര്യദര്‍ശിയുമായിരുന്നു. ദേശീയ പ്രസ്ഥാനവും ഉത്തരവാദ ഭരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1940 കളില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് കല്ലടയില്‍ രൂപംകൊണ്ടു. 1926-ല്‍ ശ്രീനാരായണ ഗുരു കല്ലടയില്‍ എത്തുകയുണ്ടായി. ശ്രേഷ്ഠമായ പാരമ്പര്യത്താല്‍ സമ്പന്നമായ കല്ലടയുടെ ചരിത്ര ഭൂമിക മാര്‍ത്താണ്ഡ വര്‍മ്മ, ശ്രീനാരായണ ഗുരു, വിശുദ്ധ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍, വേലുത്തമ്പി ദളവ, ചട്ടമ്പിസ്വാമി, കുമ്പളത്തു ശങ്കുപിളള, അയ്യന്‍കാളി തുടങ്ങി ശ്രേഷ്ഠ വ്യക്തികളുടെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമാണ്. കൊടുവിള ഇടിയക്കടവ് വേലന്‍ചരുവ് പുരയിടത്തില്‍ നിന്നും കണ്ടെടുത്ത ബുദ്ധവിഗ്രഹം ഇവിടെ ബുദ്ധമത അനുയായികള്‍ ഉണ്ടായിരുന്നു എന്നതിന് തെളിവാണ്. മാര്‍ത്താണ്ഡപുരം ക്ഷേത്രം, ചിറ്റുമല, കൊടുവിള ക്ഷേത്രങ്ങള്‍, കല്ലട വലിയ പളളി, കൊടുവിള പളളി എന്നീ ആരാധനാലയങ്ങളും ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു