വിളര്‍ച്ച രോഗമാകുമ്പോള്‍


വിളര്‍ച്ച രോഗമാകുമ്പോള്‍
രക്തത്തിന് കടും ചുവപ്പു നിറം നല്‍കുന്ന ഹീമോ ഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറയുമ്പോഴുണ്ടാകുന്ന രോഗാവസ്ഥയാണ് അനീമിയ (വിളര്‍ച്ച). ശ്വാസകോശത്തിലൂടെ രക്തത്തിലെത്തുന്ന ഓക്‌സിജനെ രക്തചംക്രമണം വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്ന പ്രധാന പിഗ്മെന്റാണ് ഹീമോഗ്ലോബിന്‍.

തലച്ചോര്‍, ഹൃദയം, മാംസപേശികള്‍ തുടങ്ങിയ വിവിധ ശരീര ഭാഗങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് ഓക്‌സിജനോളം തന്നെ പ്രധാനപ്പെട്ടതാണ് ഹീമോഗ്ലോബിന്‍. ഇതിന്റെ അളവ് കുറയുമ്പോള്‍ ഓക്‌സിജന്റെ അളവും ശരീരത്തില്‍ കുറയും. ഓക്‌സിജന്‍ കുറഞ്ഞാല്‍ ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ കാരണമാവുകയും ചെയ്യും. അനീമിയ ഹൃദ്രോഗത്തിന് ഇടയാകും. കുട്ടികളുടെ ശരീര വളര്‍ച്ചയെയും ഇത് ബാധിക്കാറുണ്ട്.

രക്തത്തിലെ ഹീമോഗ്ലാബിന്റെ കുറവിന് ആനുപാതികമായി രോഗി വിളറി വെളുത്തതായി കാണപ്പെടും. ത്വക്കിന് കറുപ്പു നിറം നല്‍കുന്ന മെലാനില്‍ പിഗ്മെന്റിന്റെ ഏറ്റക്കുറച്ചില്‍ കാരണം വിളര്‍ച്ച എല്ലാവരിലും ഒരേപോലെ പ്രകടമാകുന്നില്ല. കണ്‍പോളകളുടെ ഉള്ളിലും ചുണ്ടിലും നഖത്തിലമാണ് ത്വക്കിനേ അപേക്ഷിച്ച് വര്‍ണ്ണ വ്യത്യാസം കൂടുതല്‍ പ്രകടമാകുന്നത്. നഖങ്ങള്‍ കടലാസുപോലെ വെളുത്ത് സ്പൂണ്‍ പോലെ വളയുന്നത് രോഗത്തിന്റെ ഗുരുതരാവസ്ഥയെ സൂചിപ്പിക്കുന്നു. രോഗം ബാധിച്ചാല്‍ അകാരണമായ ക്ഷീണം, കിതപ്പ്, ഓര്‍മ്മക്കുറവ്, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, പഠനത്തില്‍ താല്പര്യക്കുറവ്, ഉറക്കത്തിന്റെ താളം തെറ്റല്‍ തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും അനീമിയ ഗുരുതരമായി ബാധിക്കും.

100 മില്ലി ലിറ്റര്‍ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുട്ടികളില്‍ 11 ഗ്രാം/100 മി.ലി, സത്രീകളില്‍ 12 ഗ്രാ /100 മി.ലി, പുരുഷന്‍മാരില്‍ 13 ഗ്രാം/100 മി.ലി എന്നിവയില്‍ കുറവുവന്നാല്‍ അനീമിയയാണെന്ന് ഉറപ്പാക്കാം. പോഷകാഹാരക്കുറവ് അനീമിയയ്ക്ക് കാരണമാകുന്നു. ഭക്ഷത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞാല്‍ അനീമിയയിലേക്ക് നയിക്കും. മാംസം, കരള്‍, ഇലക്കറികള്‍, മത്സ്യം, പഴങ്ങള്‍, ബീന്‍സ്, പയറുകള്‍, ശര്‍ക്കര, കാരയ്ക്ക എന്നിവ കഴിച്ചാല്‍ ഇരുമ്പിന്റെ അംശം ശരീരത്തിന് ലഭിക്കും . കൂടുതലായി പശുവിന്‍പാല്‍ കുടിക്കുന്ന കുട്ടികളില്‍ പലകാരണം കൊണ്ടും ഇരമ്പിന്റെ അഭാവത്താലുള്ള അനീമിയ പ്രകടമാകാറുണ്ട്. കൊക്കപ്പുഴു, മൂലക്കുരു, വിവിധതരം ആമാശയ രോഗങ്ങള്‍, അമിതമായ ആര്‍ത്തവ രക്തസ്രാവം, അമീബിയാസിസ് ഡിസെന്ററി എന്നിവ മൂലം ശരീരത്തില്‍ നിന്ന് രക്തം വഴി ഇരുമ്പ് നഷ്ടപ്പെടാം.

മെഗലോ ബ്ലാസ്റ്റിക് അനീമയും അപകടകാരിയാണ്. ഫോളിക് ആസിഡ് B12 വിറ്റാമിന്‍ ഇവയുടെ അഭാവംമൂലം ഉണ്ടാകുന്ന അനീമയാണിത്. ക്യാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലമായും ഈ അനീമിയ ഉണ്ടാകാം. രക്തക്കുറവിനു പുറമെ സുഷുമ്‌നാ നാഡിയെയും ഈ അനീമിയ ബാധിക്കുന്നതുമൂലം രോഗിക്ക് വിറയല്‍, നടക്കാന്‍ വയ്യാത്ത അവസ്ഥ എന്നിവയും ഉണ്ടാകും. രക്തത്തിലെ ചുവന്ന രക്താണുക്കളുടെയോ ഹീമോഗ്ലോബിന്റെയോ വൈകല്യങ്ങളും മൂലം ഹീമോളിറ്റിക് അനീമിയയുണ്ടാകും. ഹെറിഡിറ്ററി സ്ഫീറോ സൈറ്റോസിസ്, അരിവാള്‍ രോഗം, തലാസീമിയ, മലേറിയ എന്നിവ രക്തത്തിലെ ചുവപ്പു രക്താണുക്കളെ നശിപ്പിക്കും.

പലതരം ക്യാന്‍സറുകളും രോഗികളില്‍ വിളര്‍ച്ചയുണ്ടാക്കും. ഈ രോഗങ്ങളുടെ ആദ്യ ലക്ഷണമോ ഏക ലക്ഷണമോ അനീമിയായിരിക്കും. അസ്ഥികളിലെ ചുവപ്പു രക്താണു (ആര്‍.ബിസി) ക്കളുടെ ഉല്പാദനം നടക്കുന്ന മജ്ജ നിര്‍വീര്യമാകുന്നതുമൂലമുള്ള രോഗാവസ്ഥയാണ് അപ്ലാസ്റ്റിക് അനീമിയ. ഹീമോഗ്ലാബിന്‍ നിര്‍ണ്ണായവും ആര്‍.ബിസിയെ പരിശോധിക്കുന്ന പെരിഫെറല്‍ സ്മിയര്‍ ടെസ്റ്റുമാണ് അനീമിയയുടെ പ്രാഥമിക ടെസ്റ്റുകള്‍. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ധാരാളമായി നല്‍കുക, ആട്ടിന്‍പാല്‍ അമിതമായി നല്‍കാതിരിക്കുക, വിരബാധക്ക് എതിരെ മുന്‍കരുതലെടുക്കുക, അയണ്‍ ഫോളിക് ആസിഡ് ഗുളികകള്‍ കഴിക്കുക, അമിത രക്തശ്രാവം ഒഴിവാക്കാന്‍ യഥാസമയം ചികിത്സിക്കുക, അപ്ലാസ്റ്റിക് അനീമിയയ്ക്ക് ഇടയാക്കുന്ന ഔഷധങ്ങള്‍ കരുതലോടെ ഉപയോഗിക്കുക, പോഷകാഹാരം ധാരാളം ഭക്ഷണത്തിലുള്‍പ്പെടുത്തുക ധാരാളം വെള്ളം കുടിക്കുക എന്നിവ അനീമിയയെ തടയാന്‍ സഹായിക്കും.

ഏത് തരത്തില്‍പ്പെട്ട അനീമിയയാണ് ബാധിച്ചിരിക്കുന്നതെന്ന് വൈദ്യ പരിശോധനയിലൂടെ കണ്ടെത്തി ചികിത്സിച്ചാല്‍ വളരെ വേഗം രോഗമുക്തിയുണ്ടാകും





വിവരങ്ങള്‍ക്ക് കടപ്പാട് ലൈവ് വാര്‍ത്ത‍ ടീമിനോട്